ദേശീയത, മതനിരപേക്ഷത, ജനാധിപത്യം എന്നീ ആശയങ്ങൾ പാശ്ചാത്യമാണെന്നും അതിനാൽതന്നെ ഇസ്ലാമിന് കടക വിരുദ്ധമാണെന്നും അതിനെ അംഗീകരിക്കുന്നവർ ചെകുത്താനെയാണ് പിന്തുടരുന്നതെന്നും മൗദൂദി പ്രസ്താവിച്ചു. ഇത് മുസ്ലിം ലീഗുമായി മാത്രമല്ല, മുസ്ലിം പണ്ഡിതൻമാരുമായും സമുദായവുമായും മറ്റ് മതക്കാരുമായുമുള്ള ശത്രുതയ്‌ക്ക് വളംവച്ചു. മൗദൂദിയുടെതന്നെ വാക്കുകളിൽ, "നമ്മുടെ പക്ഷത്തിൽ പ്രസ്തുത മൂന്ന് തത്വവും (ദേശീയത, സെക്കുലറിസം, ജനാധിപത്യം) അബദ്ധ ജടിലങ്ങളാണ്. അബദ്ധ ജടിലങ്ങളെന്ന് മാത്രമല്ല, മനുഷ്യനിന്ന് അടിമപ്പെട്ടു പോയിട്ടുള്ള സകല ദുരിതങ്ങളുടെയും വിനാശങ്ങളുടെയും നാരായവേര് ആ തത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നു. നമ്മുടെ വിരോധം വാസ്തവത്തിൽ അതേ തത്വങ്ങളോടത്രേ. നാം നമ്മുടെ മുഴു ശക്തിയും ഉപയോഗിച്ച് അവയ്‌ക്കെതിരെ സമരം നടത്തിയേ തീരൂ.' (മൗദൂദി, മതേതരത്വം, ദേശീയത്വം, ജനാധിപത്യം, ഒരു താത്വിക വിശകലനം, ഐപിഎച്ച്, കോഴിക്കോട്, 1960,1991, 15). " ആദ്യമേ ജനങ്ങളെ ദൈവഭയശൂന്യരും സനാതന ധാർമികതത്വങ്ങളിൽനിന്ന് വിമുക്തരും ആക്കിത്തീർത്തു. അനന്തരം ദേശീയവാദം അവരെ ജനകീയ സ്വാർഥത്തിന്റെയും അന്ധമായ ദേശീയ പക്ഷപാതത്തിന്...