യൂസുഫ് അറയ്ക്കൽ
ക്യാൻവാസിന് ജീവൻ നൽകുന്ന ചിത്രശലഭം
രാജാ രവിവർമക്കു ശേഷം ലോകം ആദരിച്ച ലോകോത്തര ചിത്രകാരനായ യൂസുഫ് അറക്കൽ ,അറക്കൽ രാജകുടുംബാംഗമാണ്. 1944ൽ തൃശൂരിൽ ജനിച്ചു.
മിത്തുകളെയും പുരാണ സങ്കല്പങ്ങളെയും ദുർഗ്രാഹ്യമായ ഉത്തരാധുനിതയുടെയും പിന്നാലെ പോവാതെ ജീവിത ഗന്ധിയായ പ്രശ്നങ്ങളെ ക്യാൻവാസിൽ ചാലിച്ച് ലോകത്തോട് സംവദിക്കുന്ന ശൈലിയാണ് യൂസുഫ് അറക്കലിനെ മറ്റുള്ള കലാകാരന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് .
പ്രാന്തവൽക്കരിക്കപ്പെട്ടവന്റെയും വിധിയുടെ വേട്ടമൃഗമായി അരിക്കുവൽക്കരിച്ചവന്റെയും ഇരയുടെയും ദൈന്യതയാർന്ന മുഖങ്ങൾക്ക് അറക്കൽ നിറം പകർന്നു . ഗുജറാത്ത് കലാപത്തെ ക്യാൻവാസിൽ പകർത്തി മുസ്ലിം വേട്ടയെ അന്താരാഷ്ട്ര പ്രശ്നമാക്കിയപ്പോൾ അറക്കലിനെതിരെ ഫാസിസ്റ്റുകൾ കലിതുള്ളുകയും വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സമകാലിക പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന വരേണ്യ രാഷ്ട്രിയ ഭിക്ഷാം ദേഹികളായ ഭൂരിപക്ഷ കലാകാരന്മാരിൽ നിന്ന് ഒറ്റയാൾ പട്ടാളമായി പോരാടാൻ യൂസുഫിന് എപ്പോഴും കഴിഞ്ഞിട്ടുണ്ട്.
സ്വത്വത്തെ ബലി കഴിക്കാതെ നന്മയുടെ പൂമണം നൽകുന്ന ക്യാൻവാസാണ് യൂസഫ് അറക്കൽ ലോകത്തിന് മുന്നിൽ തുറന്നു വെച്ചിരുന്നത്.
കലയുടെ ഏതെങ്കിലും ഒരു രംഗത്ത് ഒതുങ്ങാതെ വിവിധ മേഖലകളിൽ ഇദ്ദേഹം സിദ്ധി തെളിയിച്ചു.
ചിത്രങ്ങൾ, പെയ്ന്റിംഗുകൾ ,മ്യൂറ ലുകൾ, ശില്പങ്ങൾ, എല്ലാം അദ്ദേഹത്തിന് വഴങ്ങി.
അബ്സ്ട്രാക്റ്റ് പെയിന്റിംഗിലൂടെ ലോക ശ്രദ്ധ നേടിയ യൂസുഫ് ഫിഗറേറ്റീവ് പെയിന്റിംഗിൽ സ്വന്തം ടച്ച് തെളിയിച്ച് കലാലോകത്തെ വിസ്മയിപ്പിച്ചു.
സാവോ പോളോ, ജപ്പാൻ, ധാക്ക ,കൈറോ, ഫ്ളോറൻസ് ബിനാലെ കളിൽ പങ്കെടുത്ത് മെഡലുകൾ വാരിക്കൂട്ടി 40ലേറെ അന്താരാഷ്ട്ര മത്സരങ്ങളിലും പ്രദർശനങ്ങളിലും പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച ഒരു ഇന്ത്യക്കാരനാണ്.
1983 ലെ ദേശീയ അവാർഡ് മുതൽ 2003 ൽ ഫ്ളോറൻസ് ബിനാലെയിൽ രണ്ടാം സ്ഥാനം നേടി വെള്ളി മെഡലടക്കം നിരവധി പുരസ്ക്കാരങ്ങൾ യൂസഫ് അറക്കൽ നേടിയിട്ടുണ്ട്.
ഇതുവരെയുള്ള ഡ്രോയിംഗുകളെ കുറിച്ചുള്ള ഒരു പഠന ഗ്രന്ഥം Linear Expressions എന്ന പേരിൽ ഇദ്ദേഹം പ്രസിദ്ധീകരിച്ചു.
ആധുനിക ഇന്ത്യൻ ചിത്രകലാ കാരന്മാരെ കുറിച്ചും കലയെ സംബന്ധിച്ചും face of creativity എന്ന പേരിൽ ബ്രഹത്തായ ഒരു ഗ്രന്ഥം രചിച്ചു. ചിത്രകലയിലെ വിജ്ഞാന കോശമായാണ് ഈ ഗ്രന്ഥം പരിഗണിക്കപ്പെടുന്നത് .
Gujamica, War, Gujamica reoccus എന്നൊക്കെ പേരിലുള്ള സീരീസ് വർഗീയ കലാപങ്ങളുടെ ന്യൂനപക്ഷ വേട്ടയുടെ നേർക്കാഴ്ചകളാണ് '
മനുഷ്യന്റെ മനുഷ്യത്വമില്ലായ്മയുടെ കഥ പറയുന്ന Discarded എന്ന രേഖാ ചിത്ര പരമ്പരയുടെ പ്രദർശനം പല രാജ്യങ്ങളിലായി നടത്തിയിട്ടുണ്ട്.
കേവലം ഒരു കലാകാരൻ എന്നതിനപ്പുറം പാവപ്പെട്ട മനുഷ്യരുടെ പച്ചയായ ജീവിതവും കഷ്ടപ്പെടുന്നവന്റെ, ഇരയുടെ പ്രശ്നവും ലോകത്തിന് മുമ്പിൽ തുറന്നു വെച്ച്, സമരസപ്പെടാനല്ല സമരം ചെയ്യാനാണ് ആത്മാവിഷ്കാരത്തെ ഉപയോഗിക്കേണ്ടതെന്ന ജീവിത പാഠപുസ്തകം ബാക്കി വെച്ചു കൊണ്ടാണ് ഈ മഹാമനീഷി കാലയവനികക്കുള്ളിൽ പറഞ്ഞു പോയത്.
കെ.കെ.പി.അബ്ദുല്ല
11/4/2020


Comments
Post a Comment