അശ്വമേധത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച അത്ഭുത ബാലൻ
ഇന്ന് നാം അറിയുന്ന ലോക പ്രശസ്തരായ പ്രതിഭാശാലികളിൽ മഹാഭൂരിപക്ഷവും അവരുടെ ബാല്യകാലത്ത്
തീർത്തും അപ്രസക്തരായിരുന്നു.
കുട്ടിക്കാലത്ത് ലോകം ആദരിച്ച അപുർവ്വം ചിലരുടെ പേരുകൾ ഒരു മിന്നൽ പിണർ പോലെ നമ്മുടെ മനസ്സിലൂടെ പെട്ടെന്ന് മിന്നി മറയുന്നു.
അമേരിക്ക ജപ്പാനിലിട്ട അണുബോംബിന്റെ അനന്തര ദുരന്തഫലം സഡോക്കോ സുസുക്കി എന്ന കുരുന്നിലൂടെ പ്രതീക വൽക്കരിക്കുന്നതും
സോമാലിയയിലെ പട്ടിണി മരണത്തിന്റെ ആഴവും പരപ്പും ചിത്രീകരിച്ച കെവിൻ പീറ്ററിന്റെ പുലിസ്റ്റർ ഫോട്ടോയിൽ മരണം കാത്തിരിക്കുന്ന കഴുകന്റെ മുന്നിലെ ഇരയായ കുട്ടിയുടെയും
അഭയാർത്ഥികളുടെ അതിജീവന ശ്രമത്തിനിടെ കടൽ വിഴുങ്ങാതെ തീരത്ത് കമഴ്ന്നുറങ്ങുന്ന
ഐലാൻ കുർദിയെയും പ്രകൃതി ക്യാൻവാസിൽ നിന്ന് ചിത്രങ്ങൾ വരച്ച് അതിമാനുഷ ബാലനായ ക്ലിന്റിനെയും വിജ്ഞാന പ്രപഞ്ചത്തിലേക്ക് മാനവ ചിന്തയെ ഉണർത്തുന്ന ടോട്ടോ ചാനെന്ന കഥാപാത്രത്തെയും ഒഴിച്ചു നിർത്തിയാൽ ബാല്യകാലത്ത് തന്നെ ലോകം ആദരിക്കുന്ന അപൂർവ്വത്തിൽ അപൂർവ്വ മായ ചില മിടുമിടുക്കന്മാരിൽ നമ്മുടെ ഓർമ്മകളുടെ തീരത്ത് അലയടിച്ചു കൊണ്ടിരിക്കുന്നഒരു പ്രവാഹത്തിന്റെ പേരാണ് ഇന്ന് നിഹാൽ സെരിൻ
ഇന്ത്യയുടെ വിശ്വനാഥ് ആനന്ദ്, റഷ്യയുടെ അനാ റ്റൊളി കാർപോവ്. ഗാരി കാസ്പറോവ്; നോർവെയുടെ മാഗ്നസ് കാൾസൺ........ തുടങ്ങിയ ലോക ഒന്നാം കിട ചെസ്സ് രാജാക്കന്മാരാരും ബാല്യകാലത്ത് ലോക താരങ്ങളായി വളർന്നിരുന്നില്ല.
ഗൂഗിളിനെ വെല്ലുന്ന വേഗത്തിൽ 191 രാജ്യങ്ങളുടെ പേരും പതാകയും ഹൃദിസ്തമാക്കുകയും നിരവധി ചിത്രശലഭങ്ങളുടെ ശാസ്ത്രീയ നാമമടക്കം മന:പാഠമാക്കുകയും 150 റഷ്യൻ നാടോടിക്കഥകൾ പഠിക്കുകയും ചെയ്ത നിഹാലെന്ന മൂന്ന് വയസ്സ് കാരൻ സ്കൂളിന്റെ പടി ചവിട്ടിയപ്പോൾ ഇംഗ്ലീഷ് സ്പെല്ലിങ് B മത്സരത്തിൽ നിരവധി സമ്മാനങ്ങൾ നേടി സംസ്ഥാന തലത്തിൽ മുന്നേറി.
അപാരമായ ബുദ്ധിയും വിസ്മയകരമായ ശ്രദ്ധയും ഓർമ്മശക്തിയും പ്രായത്തെ തോൽപ്പിക്കുന്ന പക്വതയും ക്ഷമയും കൈമുതലാക്കിയ നിഹാൽ ആറാം വയസ്സിൽ അന്താരാഷ്ട്ര ഫിഡെറേറ്റഡ് ചെസ്സ് താരമായി .
ഏറ്റവും പ്രായം കുറഞ്ഞ ലോകത്തെ രണ്ടാമത്തെ താരവും ഇന്ത്യയിലെ ഒന്നാമത്തെ താരവുമെന്ന പദവി നിഹാൽ മാത്രം നേടി.
ഏഴാം വയസ്സ് മുതൽ തന്നെക്കാൾ പ്രായമേറെയുള്ളവരോട് പലവട്ടം മത്സരിക്കേണ്ടി വന്നപ്പോഴും നിഹാൽ പതറിയില്ലെന്ന് മാത്രമല്ല
നിഹാലിലെ പ്രതിഭക്ക് മുന്നിൽ പലരും കീഴടങ്ങുകയും റെക്കോഡുകൾ ഒന്നൊന്നായി കടപുഴകുന്ന സ്ഥിതിവിശേഷമാണ് പിന്നെ അരങ്ങേറിയത്.
അശ്വമേധത്തിലൂടെ ഗജകേസരിയോഗിയായി മാറിയ നിഹാൽ നാലു വട്ടം അണ്ടർ 7, 9, 11,വി ഭാഗങ്ങളിൽ സംസ്ഥാന തല കിരീടം കരസ്തമാക്കി.
ദേശീയ അണ്ടർ 9 വിഭാഗത്തിൽ ദേശീയ ചാമ്പ്യൻ പട്ടം നേടി.
സംസ്ഥാന ദേശീയ തലം കടന്ന് നിഹാലിന്റെ പ്രതിഭ രാജ്യാതിർത്തിക്കപ്പുറം കടിഞ്ഞാണില്ലാതെ പടയോട്ടം നടത്തുന്ന കാലത്താണ് തന്റെ പത്ത് വയസ്സുമുതൽ നിഹാലിന്റ കരുക്കൾക്ക് കുതിര ശക്തി കൈവന്നത്.
പത്താം വയസ്സിൽ ലോക അണ്ടർ 10 വിഭാഗം ബ്ലിറ്റ്സ് റാപ്പിഡ് ചാമ്പ്യനായി ഉയർന്നു.
ഡർബനിൽ നടന്ന ലോക യൂത്ത് ചാമ്പ്യൻ ഷിപ്പ് അണ്ടർ 10 വിഭാഗം കിരീടം ചൂടി, മുടിചൂടാമന്നനായപ്പോൾ നിഹാലിന്റെ പ്രകടനം കണ്ട് ലോക താരങ്ങൾ അത്ഭുതപ്പെട്ടു
യു ക്രയ്ൻ ഗ്രാൻഡ് മാസ്റ്റർ ദിമിത്രി ക്യമോ വിന്റെ വാക്കുകൾ നിഹാലിന്റെ പ്രതിഭയ്ക്കുള്ള കൈയൊപ്പാണ്
ഡോക്ടറാകാനും എഞ്ചിനീയറാകാനും വേണ്ടിയാണ് പലരും ജനിക്കുന്നത് എന്നാൽ നിഹാൽ ജനച്ചതേ ചെസ് വേണ്ടി മാത്രമാണ്
(യു ക്രയിൻ ഗ്രാൻഡ് മാസ്റ്റർ, ദിമിത്രി ക്യമ റോവ്)
2013 ൽ U AE യിൽ നടന്ന പത്ത് വയസ്സിന് താഴെയുള്ളവരുടെ blitz മത്സരത്തിൽ ലോക ചാമ്പ്യനായി
2014ൽ ഏഷ്യൻ യൂത്ത് റാപ്പിഡ് കിരീടം
2015ൽ ഗ്രീസിൽ നടന്ന ലോക അണ്ടർ 12 ചെസ് ചാമ്പ്യൻ ഷിപ്പിൽ വെള്ളി മെഡൽ
അതേ വർഷം ദക്ഷിണാഫ്രിക്കയിൽ അരങ്ങേറിയ ലോക യൂത്ത് ചാമ്പ്യൻഷിപ്പ് കിരീടം ലഭിച്ചു
2016ൽ അബൂദാബിയിൽ നടന്ന ഇന്റർ നാഷണൽ ചെസ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ മൂന്ന് നോമും പിടിച്ചെടുത്ത് ഗ്രാന്റ് മാസ്റ്റർ പദവി കരസ്തമാക്കി.ഏറ്റവും പ്രായം കുറഞ്ഞ ലോകത്തെ രണ്ടാമത്തെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
അസാമാന്യ പ്രതിഭയ്ക്കുള്ള അവാർഡും ലഭിച്ചു.
ഉസ്ബസ്തിക്കാന്റെ ലോകോത്തര താരമായ തെയ് മൂർ കുമ്ബോ റോവിനെ തളച്ചതിലൂടെ നിഹാലിന്റെ പേര് ലോക ചെസ് നിഘണ്ടുവിൽ എഴുതപ്പെട്ടു.
ജർമൻ ഗ്രാന്റ് മാസ്റ്റർ ലിവ്യുദിത്തർ നിസിപിനെ സമനിലയിൽ തളച്ചിട്ട് 2600 പോയന്റ് നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യ കൗമാരക്കാരൻ എന്ന ഖ്യാതിയും നിഹാൽ സ്വന്തമാക്കി.
അഞ്ചു വട്ടം ലോക കിരീടം ചൂടിയ ഇന്ത്യയുടെ എക്കാലത്തെയും വലിയ ചെസ് രാജാവായ വിശ്വനാഥ് ആനന്ദിനെ കൊൽക്കത്തയിൽ നടന്ന ടാറ്റ സ്റ്റീൽ അന്താരാഷ്ട്ര റാപിഡ് ചെസ് ടൂർണമെന്റിൽ സമനിലയിൽ കുരുക്കി അത്ഭുതം സൃഷ്ടിച്ച നിഹാൽ സെരിൻ
ലോക ചെസ് ചാമ്പ്യൻ ഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ സെർജിക്കറിയാക്കിനെയും ലോക മൂന്നാം താരമായ മാമദ്യെ റോവിനെയും പിടിച്ചുകെട്ടി പ്രായത്തെ വെല്ലുന്ന പ്രതിഭയാണെന്ന് തെളിയിച്ചു.കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമായ പുത്തോളിൽ ഡോക്ടർ ദമ്പതികളായ എ.സരിന്റെയും ഷിജിൽ എ. ഉമ്മറിന്റെയും മൂത്ത മകനായിട്ടാണ് നിഹാൽ സെരിൻ ജനിച്ചത്.
ഇപ്പോൾ16 വയസ്സിലെത്തിയ നിഹാൽ ആറ് ലോക ഒന്നാം നമ്പർ താരങ്ങളോട് മത്സരിച്ച് അവരെ സമനിലയിൽ തളച്ചിട്ടുണ്ട്.
ചൈനയുടെ ഹൗയിഫൻ എന്ന വനിതാ ബാലതാരം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്നും
ലോക യൂത്ത് ചെസ് ഒളിമ്പ്യാഡിൽ സ്വർണം കൊയ്ത 14കാരൻ എന്ന ലോക റെക്കോഡിലാണ് നിഹാൽ അറിയപ്പെടുന്നത്
2600 പോയന്റ് നേടി എലോ റേറ്റിംഗിൽ ഇടം പിടിച്ച നിഹാലിന് മറ്റു രാജ്യങ്ങൾ അവരുടെ താരങ്ങൾക്ക് കൊടുക്കുന്ന പരിഗണന നമ്മുടെ നാട് നൽകുന്നില്ല എന്ന മുറവിളി ഉയർന്നിട്ടുണ്ട്.
ലോകരാജ്യങ്ങളിൽ വിവിധ ടൂർണ മെൻറുകളിൽ പങ്കെടുക്കാൻ വേണ്ടി വരുന്ന ഭാരിച്ച സാമ്പത്തിക ബാദ്ധ്യത ചില സ്പോൺസർമാരിലൂടെയാണ് ഇവിടെ പരിഹരിക്കപ്പെടുന്നത്.
ലോകോത്തര താരങ്ങൾക്കെല്ലാം ജിഎമ്മിനെ വെച്ച് ശാസ്ത്രീയമായ പരിശീലനം ലഭിക്കുമ്പോൾ നിഹാലിന് ഇതുവരെ ഒരു ജിഎമ്മിന്റെ കോച്ചിങ്ങ് മാത്രമേ ലഭിച്ചിരുന്നുള്ളൂ.
ദിവസം പത്ത് മണിക്കൂറിലധികം മറ്റു കളിക്കാർ പരിശീലനത്തിൽ മുഴുകുമ്പോൾ ഈ അത്ഭുത ബാലന് ആഴ്ചയിൽ ഒരുദിവസമാണ് പരിശീലനം ലഭിക്കുന്നത്.
ഉപ്പാപ്പ ഉമറിൽ നിന്നാണ് ചെസ്സിലെ അക്ഷരമാല അഭ്യസിച്ചത് പിന്നീട് വിവിധ ഘട്ടത്തിൽ മാത്യു പി.ജോസഫ്, എം.ബി.മുരളീധരൻ.കെ.കെ.മണികണ്ഠൻ, സി.ടി പത്രോസ്, ഇ.പി.നിർമൽ അടക്കമുള്ള ചെസ് ഗുരക്കന്മാരുടെ ശിക്ഷണത്തിൽ നിഹാൽ തേരോട്ടത്തിന്റെയും കുതിരച്ചാട്ടത്തിന്റെയും കാലാൽപ്പയുടെ മാന്ത്രിക അയോധന കലകൾ അഭ്യസിച്ചു.
ഓരോ വർഷവും പുതിയ രാജ്യങ്ങൾ കീഴടക്കുന്ന ചതുരംഗത്തിലെ ജൂനിയർ വിശ്വനാഥ് എന്ന നിഹാലിനെ നാം സർവ്വ പിന്തുണയും നൽകി പ്രോത്സാപ്പിക്കുക
പ്രതിഭകൾ വാടാതെ കരിയാതെ നമ്മുടെ രാജ്യത്തിന്റെ അഭിമാന സ്തംഭമായി നില നിൽക്കാൻ നല്ല പിന്തുണയും സഹായവും അനിവാര്യമാണ്.
കെ.കെ.പി അബ്ദുല്ല
29/4/2020


ഇങ്ങനെ ഒരു പയ്യൻ നമ്മുടെ ' നാട്ടിൽ ഉണ്ട് എന്ന് ഇപ്പോഴ അറിഞത്
ReplyDelete