Skip to main content
*ജാലകം 17*

*നല്ല കുട്ടികൾ*
*നല്ല മതാപിതാക്കൾ*
ഡോ.ആരതി സെൻ
₹ 90 ആകെ പേജുകൾ 152, ഹാർമണി ബുക്സ്

ഓരോ ശിശുവും ശുദ്ധ പ്രകൃതിയിലാണ് ജനിക്കുന്നത്. മാതാപിതാക്കളും സാമൂഹ്യ സാഹചര്യവുമാണ് പലപ്പോഴും കുട്ടികളെ വഴി തെറ്റിക്കുന്നത്. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പിന്നീട് സാമൂഹ്യ വ്യവസ്ഥിതിയാകുന്ന ചങ്ങലകളാൽ അവൻ ബന്ധനസ്ഥനാവുന്നുവെന്ന റൂസ്സോയുടെ ചിന്ത  കലർപ്പില്ലാത്ത അമൃതാണ്.
എൻ്റെ കയ്യിൽ ഒരു ഡസൻ കുട്ടികളെ ഏല്പിക്കൂ അവരിൽ നിന്ന് ഞാൻ ഡോക്ടറെയും അധ്യാപകനെയും പണ്ഡിതനെയും പോലീസിനെയും കള്ളനെയും രൂപപ്പെടുത്തും എന്ന ദാർശനിക വചനം നാം വിസ്മരിക്കരുത്.

 മൂർഖൻ പാമ്പിൻ്റെ മുട്ട, പ്രാവിനെ കൊണ്ട് അടയിരുത്തി വിരിയിച്ചു എന്ന് സങ്കല്പിക്കുക. പ്രാവിൻ കൂട്ടിൽ വളർന്ന പാമ്പ് പ്രകൃത്യായുള്ള സ്വഭാവത്തിൽ മാറ്റം വരുത്തി സൗമ്യനും ശാന്തനുമാകുകയില്ല.
കാഞ്ഞിര മരത്തിൻ ചുവട്ടിൽ പഞ്ചസാര ചാക്കുകൾ ചൊരിഞ്ഞാലും കാഞ്ഞിരക്കായയ്ക്ക് മധുരം ഉണ്ടാവില്ല.

മനുഷ്യൻ പക്ഷിമൃഗാദികളെ പോലെ അല്ലാത്തതിനാൽ ശിക്ഷണവും പരിതസ്ഥിതിയും ഒരാളുടെ സ്വഭാവ രൂപീകരണത്തെ തീർച്ചയായും സ്വാധീനിക്കും. കള്ളൻ്റെയും കൊള്ളക്കാരൻ്റെയും മകൻ ഒരു സാത്വികൻ്റെ കീഴിൽ സംസ്കരിക്കപ്പെടും ഒരു നല്ല മനുഷ്യൻ്റെ മകൻ ചീത്ത കൂട്ടുകെട്ടിലും സാഹചര്യത്തിലും ദുഷ്ടനായിത്തീരും.
നമ്മുടെ കുട്ടികൾ നല്ല സംസ്കാരമുള്ളവരാകണമെങ്കിൽ നാം അവന് വേണ്ടി ചിലവഴിക്കുന്ന പണത്തിൻ്റെ ഇരട്ടി സമയം അവന് വേണ്ടി ചിലവഴിക്കാൻ തയ്യാറാകണമെന്ന സോക്രട്ടീസിൻ്റെ വാക്കുകൾക്ക് എന്നും പുതുമയുണ്ട്. പ്രസക്തിയുണ്ട്.

നമ്മുടെ കുഞ്ഞുങ്ങൾ എന്തായിത്തീരുന്നു,എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ വിലയും നിലയും

*സ്വന്തം കുഞ്ഞുങ്ങളുടെ നേട്ടം മതാപിതാക്കളെ വിലയിരുത്താനുള്ള അളവുകോലായിത്തീരുന്നു*(പേജ് 11 )

നമ്മുടെ കുറ്റവും കുറവുകളും നാം തിരിച്ചറിയണം.
കുട്ടികളെ ശിക്ഷിക്കാതെ പ്രശ്നം പരിഹരിക്കാനുള്ള പോംവഴി മനസ്സിലാക്കുകയും അനുനയത്തിലൂടെ മന:ശാസത്ര പരമായി പെരുമാറാൻ നാം ശീലിക്കുകയും വേണം.
സ്വന്തം കാര്യത്തിൽ പോലും അടുക്കും ചിട്ടയുമില്ലാത്ത ദുശീലങ്ങൾക്ക് അടിമപ്പെട്ട രക്ഷിതാക്കൾക്ക് കുട്ടികളെ നല്ല ശീലങ്ങൾ പഠിപ്പിക്കാനാവില്ല.

കുട്ടികൾ, കുട്ടികളാണെന്ന ബോധം മാതാപിതാക്കൾ വെച്ചു പുലർത്തണം. കുസൃതിയും അനുസരക്കേടും സ്വാഭാവികമാണെന്ന് മനസ്സിലാക്കുന്നതോടൊപ്പം നിസാരമായി കാണുകയോ പട്ടാള ചിട്ട വെച്ച് പുലർത്തുകയോ ചെയ്യാതെ നയപരമായി ഏത് കുട്ടിയെയും നന്നാക്കിയെടുക്കാൻ കഴിയും.
ശിക്ഷയല്ല ശിക്ഷണമാണ് പരിഹാരം.
കുട്ടിയുടെ നിലവാരത്തിലേക്ക് ഉയരാൻ രക്ഷിതാക്കൾ പ്രാപ്തരാകണം.

മാതാപിതാക്കളുടെ സ്വഭാവം, സംസ്കാരം, പെരുമാറ്റം, സമീപനം, ശീലം എന്നിവയെല്ലാം കുട്ടികൾ മാതൃകയാക്കും.
ഒരു ദോഷൈകദൃക്കിനെ പോലെ കുറ്റം മാത്രം കണ്ടുപിടിക്കുകയും നിരൂപകനെ പോലെ വിമർശിച്ചു കൊണ്ടിരിക്കുകയും ചെയ്താൽ കുട്ടികൾ നന്നാവും എന്ന രക്ഷിതാക്കളുടെ അബദ്ധ ധാരണയാണ് കുട്ടികളെ വഷളാക്കുന്ന ഒരു കാര്യം.
നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിച്ചും കടുത്ത നിയന്ത്രണങ്ങൾക്ക് പകരം കൂടെ ചേർത്തിപ്പിടിച്ച് ശരിയായ നിലപാട് സ്വീകരിക്കാൻ കുട്ടികളെ പാകപ്പെടുത്തുകയും വേണം.

മിതവ്യയം, ലാളിത്യം, സത്യസന്ധത, ഉത്തരവാദിത്തം, നല്ലശീലം പരസഹായം, ക്ഷമ എന്നിത്യാധി ഗുണങ്ങൾ കുട്ടിയിലുണ്ടാവാൻ കുറേ ഉപദേശങ്ങളോ പ്രസംഗങ്ങളോ ആജ്ഞകളോ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ല. നല്ല സ്വഭാവങ്ങളെല്ലാം പ്രായോഗികമായി നാം ആദ്യം അനുവർത്തിക്കണം.
അവർ നമ്മെ പഠിച്ച് അനുകരിക്കുന്നു എന്ന ബോധ്യം വേണം
മുഖം കോടിയിരിക്കേ കണ്ണാടിയെ പഴിച്ചിട്ട് കാര്യമില്ലല്ലോ?

പണം കൊണ്ട് എന്തും നേടാമെന്ന് ഒരു കുട്ടിയെ പഠിപ്പിച്ചാൽ അവൻ്റെ ആർജ്ജവം വില്ക്കാനും അവൻ തയ്യാറാകും.
എങ്ങിനെയും ഏത് മാർഗത്തിലൂടെയും ജയിക്കണമെന്നാണ് നാം മക്കളെ പഠിപ്പിക്കുന്നതെങ്കിൽ ജയിക്കാനായി അവൻ ഏത് വളഞ്ഞ മാർഗവും സ്വീകരിക്കും.
ശൈശവത്തിൽ തന്നെ അവൻ ആവശ്യപ്പെടുന്നതെല്ലാം യാതൊരു തത്വദീക്ഷയുമില്ലാതെ നൽകിയാൽ എല്ലാം ഒരു തളികയിൽ തനിക്കു ലഭിക്കുമെന്ന് വിശ്വസിച്ച് മറ്റുള്ളവരെ എന്തിനും ആശ്രയിക്കുന്ന ആളായി നമ്മുടെ മക്കൾ മാറും.
അപകർഷതാബോധം അവനിൽ ഉണ്ടായേക്കുമോ എന്ന ആശങ്ക കൊണ്ട് അവൻ ചെയ്യുന്നതിലെ തെറ്റായ കാര്യങ്ങളോട് പോലും മൗനം പാലിക്കാൻ നമ്മെ പ്രേരിപ്പിച്ചാൽ നന്മയും തിന്മയും തിരിച്ചറിയാതെ അവൻ ചകിതനാകും..
അശ്രദ്ധയോടെ കുട്ടികൾ വലിച്ചെറിയുന്ന വസ്ത്രവും അടുക്കും ചിട്ടയുമില്ലാതെ ഏതെങ്കിലും മൂലയിലേക്ക് തള്ളുന്ന പുസ്തകവും അവന് വേണ്ടി നമ്മൾ എപ്പോഴും ക്രമീകരിച്ചാൽ അലക്ഷ്യനായും ഉത്തരവാദിത്തമില്ലാത്തവനായും കുട്ടികൾ വളരും.

ശിശുസഹജമായ ചെറിയ കുസൃതികളും ശാഠ്യങ്ങളും ക്ഷമിക്കാതെ "ചീത്ത കുട്ടി"
"വികൃതി " എന്നൊക്കെയുള്ള ആക്ഷേപഹാസ്യങ്ങളോടെ അവനെ "നന്നാക്കിയേ അടങ്ങൂ" എന്ന് രക്ഷിതാക്കൾ തീരുമാനിച്ചാൽ കുട്ടികൾ ചീത്തയായി മാറും.
കുട്ടിക്കുറുമ്പും തമാശകളും ആസ്വദിക്കാനുള്ള മനസ്സ് നമുക്കുണ്ടങ്കിൽ കുശവൻ്റെ കയ്യിലെ കളിമൺ പോലെ കുട്ടികളെ നാം ആഗ്രഹിക്കുന്ന രീതിയിൽ പരുവപ്പെടുത്താൻ കഴിയും (പേജ് 13 )

സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ചാൽ കുട്ടികൾ വഷളാകുമെന്ന് തെറ്റിദ്ധരിക്കുന്നവരാണ് മിക്ക രക്ഷിതാക്കളും. സ്നേഹം മനസ്സിൽ കെട്ടി പൂട്ടി വെക്കാനുള്ളതല്ല. അവനെ/അവളെ കൊഞ്ചിച്ച് വഷളാക്കി എന്ന് നാം പണ്ടേ കേൾക്കുന്ന ഒരു സ്ഥിരം പ്രയോഗമാണ്. അതിലൊന്നും വലിയ കാര്യമില്ല. കുട്ടികളുടെ ശരിയോടൊപ്പം നിൽക്കുകയും തെറ്റിനെ ഏറ്റവും ഉചിതമായ രീതിയിൽ അവൻ്റെ ഗുണത്തിനെന്ന ബോധ്യപ്പെടുത്തലോടെ തിരുത്തുകയും ഒപ്പം സ്നേഹവാത്സല്യങ്ങൾ പിശുക്കില്ലതെ നൽകുകയും ചെയ്യുന്ന രക്ഷിതാക്കൾക്ക് പൂമ്പാറ്റ നിറമുള്ള മക്കളെ വളർത്താൻ കഴിയും.
രണ്ട് വയസ്സുള്ള കുട്ടി പ്ലഗിൽ കയ്യിടുമ്പോൾ കത്തിയെടുത്താൽ അവനെ തടയുക തന്നെ വേണം. കൗമാരക്കാരനോട് അതു പോലെയല്ലല്ലോ നാം പെരുമാറുക. ചെറിയ കുട്ടികൾ നിഷ്കളങ്കരായി അയൽ വീട്ടിലെ കുട്ടികളോട് കളിക്കുമ്പോൾ നമ്മുടെകുട്ടി ചീത്തയായി പോകുമോ എന്ന് നാം ശങ്കിക്കേണ്ടതില്ല. എന്നാൽ കൗമാരക്കാരായ കുട്ടികളുടെ കൂട്ട് കെട്ട് സൗഹൃദം, ഇടപെടൽ, താല്പര്യം എല്ലാം സൂക്ഷ്മമായി പഠിച്ച് ഉപദേശങ്ങളും ശിക്ഷണങ്ങളും നൽകണം.
മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടി ഉരൾ വിഴുങ്ങുമെന്ന് പേടിക്കേണ്ട പക്ഷേ ചരൽക്കല്ലുകൾ തിന്നാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് പറയാറുള്ളത് പോലെ പ്രായത്തിനനുസരിച്ചുള്ള സമീപനം നാം സ്വീകരിക്കുക.

ഈ കാലത്ത് കൗമാരക്കാരെ വളർത്താനാണ് ഏറെ പ്രയാസം. ഉപദേശിച്ചാൽ അവർക്ക് പിടിക്കില്ല. താൻ കൊച്ചു കുട്ടിയൊന്നുമല്ല എന്നെ ഇങ്ങനെ നിയന്ത്രിക്കാൻ എന്നായിരിക്കും മിക്ക ടീനേജ് കാരുടെയും പ്രതികരണം. വസ്ത്രം, എയർ സ്റ്റയിൽ, മുതൽ മിക്ക കാര്യത്തിനും അവർക്ക് സ്വന്തം തീരുമാനമുണ്ടാകും.അമിത സ്വാതന്ത്ര്യവും പട്ടാളച്ചിട്ടയും ഒരു പോലെ ടീനേജ്കാരെ വഷളാക്കും
നമ്മുടെ കൂട്ടുകാരായി, പ്രാതിനിധ്യം നൽകി ആവശ്യത്തിന് മാത്രം ഇടപെട്ട് മധ്യമ സമീപനം സ്വീകരിച്ചാൽ കൗമാരക്കാരെയും വരുതിയിലാക്കാൻ കഴിയും.
ചൊട്ടയിലെ ശീലം ചുടല വരെ എന്ന പതിരില്ലാത്ത പഴമൊഴിയുടെ അന്തസത്ത നാം ഉൾക്കൊണ്ട് ചെറുപ്പത്തിലേ നന്മ വിരിയുന്ന കുസുമങ്ങളാക്കി മാറ്റാൻ നാം ശ്രമിക്കുക. എങ്കിൽ കൺകുളിർമയും മന:സമാധാനവും ലഭിക്കും. ഓർക്കുക
ഒരു കുട്ടി ചീത്തയായാൽ ഒരാളോ ഒരു തലമുറയോ മാത്രമല്ല ഒരു സമൂഹം തന്നെ അധ:പതിക്കാൻ സാദ്ധ്യതയുണ്ട്.

തേൻ കിനിയുന്ന മധുരെ മൊഴികൾ ഇവിടെ അവസാനിക്കുന്നില്ല. പാരൻ്റിങ്ങ് ഗൈഡുകളിൽ മികച്ച ഒരെണ്ണമാണിത് വായിക്കാൻ സമയം കണ്ടെത്തുക.

കെ.കെ.പി.അബ്ദുല്ല
29/5/2020

Comments

Popular posts from this blog

ജാലകം 3:പ്രകൃതിയിലേക്ക് മടങ്ങാൻ

*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച്   പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...

ജാലകം 6 : You Can Win നിങ്ങൾക്കും വിജയിക്കാം

*ജാലകം 6* *You Can Win നിങ്ങൾക്കും വിജയിക്കാം* മന:ശാസ്ത്രം, മോട്ടീവേഷൻ, കരിയർ, മാനേജ്മെൻറ്, ആസൂത്രണം, സംഘാടനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്ത ലോകപ്രശസ്തമായ ഗ്രന്ഥമാണ് you can win' ലക്ഷക്കണക്കിന് കോപ്പികൾ വിറ്റയിക്കപ്പെട്ട നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം വായിച്ചാൽ മനസ്സ് വെച്ചാൽ നാം ആഗ്രഹിക്കുന്നത് ആയിത്തീരും കഥ, കവിത, തത്വങ്ങൾ, ആപ്തവാക്യങ്ങൾ, ലോക പ്രശസ്ത ഗ്രന്ഥങ്ങളിലെ ഉദ്ധരണി എന്നിവയുടെയെല്ലാം മേമ്പൊടിയോടെ ഒട്ടും വിരസമില്ലാതെ വായനയെ പ്രേരിപ്പിക്കുന്ന ശൈലി പുസ്തകത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.. മനോഭാവം, (പോസറ്റീവ്: നെഗറ്റീവ്) പരിതസ്ഥിതി, വിജയമന്ത്രങ്ങൾ, പരാജയ കാരണണങ്ങൾ, പരിഹാരമാർഗങ്ങൾ, ക്രിയാത്മകതയുടെ ചുവടുകൾ, ലക്ഷ്യം തുടങ്ങിയ വിഷയങ്ങളിലൂടെ നമുക്ക് വഴികാട്ടിയായി ഈ ഗ്രന്ഥം മുന്നിൽ നടക്കുന്നു. ജേതാക്കൾ വ്യത്യസ്തമായ കാര്യങ്ങളല്ല ചെയ്യുന്നത് അവർ കാര്യങ്ങൾ വ്യത്യസ്ത രീതിയിലാണ് ചെയ്യുന്നത്. മനോഭാവത്തിൽ ഉചിതമായ മാറ്റം വരുത്തി ജീവിത വിജയം നേടാം. Thing and grow rich എന്ന നെപ്പോളിയൻ്റെ ഗ്രന്ഥം വിജയത്തിലേക്കുള്ള ചവിട്ടു പടി...