എന്റെ അറേബ്യൻ യാത്ര 3
ഖത്തർ ലാകകപ്പ് ഫുഡ്ബോളിനിടെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിൽ ഹൈലൈറ്റ് ചെയ്ത ഒരു വാർത്ത ഉണ്ടായിരുന്നു. ഓരോ കളികൾക്ക് ശേഷവും സ്റ്റേഡിയവും നഗരവും വൃത്തിയാക്കി വെടിപ്പാക്കി സൂക്ഷിക്കുന്നതിൽ ആ രാജ്യത്തെ ഭരണ സംവിധാനം കാണിച്ച ശുഷ്കാന്തി. ലക്ഷങ്ങൾ തടിച്ചു കൂടുന്ന മക്ക, മദീന എന്ന ഇരു ഹറമുകളിലും എത്ര വേഗത്തിലാണ് ശുദ്ധീകരണവും സംസ്കരണവും നടപ്പിലാക്കുന്നത്. മാലിന്യം കേരളത്തെ വല്ലാതെ ബാധിച്ച കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. നഗരത്തിന്റെ വിഴുപ്പുകൾ പേറാൻ വിധിക്കപ്പെട്ട നിരവധി ഗ്രാമീണ ജീവിതങ്ങൾ നമ്മെ വേണ്ടത്ര അലോസരപ്പെടുത്തുന്നില്ല. ജൈവ ഖരമാലിന്യങ്ങൾ വേർതിരിച്ച് അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ വളങ്ങളും ഉൽപ്പന്നങ്ങളുമാക്കി മാറ്റുന്ന വികസിത രാജ്യങ്ങളുടെ നല്ല മനസ്സ് നാം മാതൃകയാക്കേണ്ടതുണ്ട്. തോടും കായലും പുഴയും കടലും മാലിന്യങ്ങൾ വലിച്ചെറിയാനുള്ള കുപ്പതൊട്ടിയാക്കുന്ന "ശവസംസ്കാരം " ഉപേക്ഷിക്കണം. ഉപയോഗിച്ച് വലിച്ചെറിയുക എന്ന ശീലത്തെ ആദ്യം വലിച്ചെറിയണം.
ശിശു മരണനിരക്ക് വളരെ കുറവുള്ള മാതൃമരണനിരക്ക് ഇന്ത്യയിലും ലോകത്ത് തന്നെയും കുററുള്ള നമ്മുടെ നാട് ആരോഗ്യ രംഗത്ത് അസൂയാർഹമായ നേട്ടമാണ് ഇതിനകം കൈവരിച്ചിരിക്കുന്നത്. എന്നിട്ടും നമ്മുടെ ശീലവും സംസ്കാരവും സമ്പ്രദായവും ജീവിത ശൈലിയും മനോഭാവവും ക്രിയാത്മകമായിട്ടില്ല. നെഗറ്റീവുകളെ തൃണവത്ഗണിച്ച് പോസറ്റീവിസം സ്വാംശീകരിക്കുന്നതിൽ നാം വേണ്ടത്ര പക്വത കൈവരിച്ചിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ബഹുസ്വരതയിൽ ഊറ്റം കൊള്ളുന്ന ജനത, നാനാത്വത്തെ പ്രായോഗിക തലത്തിലെത്തിച്ച ലോകത്തിന് മാതൃകയായ ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനം ആയിട്ടു പോലും നാം പല ശീലങ്ങളും വെടിഞ്ഞിട്ടില്ല. സാംസ്കാരികമായ ഔന്നത്യം നേടുന്നതിൽ ഇന്നും നാം പിന്നോക്കമാണ്. ഗുണങ്ങളേറെ ഉണ്ടെങ്കിലും ബ്രാഹ്മണ്യ പുറംപൂച്ചിന്റെ വെടി പറയലിന്റെ അധ്യായം ഇനിയും പൂട്ടി വെച്ചിട്ടില്ല. ഉപരിപ്ലവമായ ജാഡകൾക്കപ്പുറം ലോകത്തെയും മാലോകരേയും കാണാനുള്ള വാതായനകൾ മനസ്സിനകത്ത് തുറക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന അപ്രിയ സത്യം പറയാതെ വയ്യ.
നല്ല കാലാവസ്ഥ, ധാന്യങ്ങളും പച്ചക്കറികളും പഴവർഗങ്ങളും നാണ്യവിളകളുമെല്ലാം കൃഷി ചെയ്യാൻ പറ്റുന്ന നല്ല മണ്ണ് , ആവശ്യത്തിന് വേണ്ടത്ര ലഭ്യമാകുന്ന മഴ , തണ്ണീർ തടങ്ങൾ വയലേലകൾ അനുകൂല ഘടകങ്ങളെല്ലാം ഉണ്ടായിട്ടും നാം വിതക്കുന്നില്ല കൊയ്യുന്നില്ല. തമിഴ് നാടിനെയും കർണാടകയെയും ആന്ധ്രയെയും പഞ്ചാബിനെ അടക്കമുള്ള പല സംസ്ഥാനങ്ങളെയും നാം ഭക്ഷ്യ വസ്തുക്കൾക്ക് വേണ്ടി ആശ്രയിക്കുകയാണ്. മറ്റു സ്ഥലങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഉല്പന്നങ്ങളേക്കാൾ ഗുണനിലവാരവും രുചിയും ഉണ്ടായിട്ടും നഷ്ടവും കഷ്ടവും പറഞ്ഞ് നാം എല്ലാം ഉപേക്ഷിച്ചിരിക്കുന്നു. ഒരു ഉപഭോഗ സംസ്കാരം നമ്മെ ഗ്രസിച്ചിരിക്കുന്നു. കൺസ്യൂമറിസം നമ്മെ ബാധിച്ചിരിക്കുന്നു. കൃഷി ഒരു സംസ്കാരമായി ആഘോഷിക്കപ്പെട്ട ഒരു സത്കർമ്മമായി കൊണ്ടാടപ്പെട്ട ജൈവമനുഷ്യർ കുറ്റിയറ്റത് പോലെയായിരിക്കുന്നു.
മരുഭൂമിയെ പോലും കൃഷിയോഗ്യമാക്കുന്ന കർമ സപര്യ ഇന്നത്തെ ഗൾഫ് രാജ്യങ്ങളുടെ വിപ്ലവ ഗീതമായി മാറിയിട്ടുണ്ട്.
മിഷൻ 2030 ൽ പല കാര്യത്തിലും സ്വയം പര്യാപ്തത കൈവരിക്കാൻ അവർ തീവ്രയത്നത്തിലാണ്.
ഇന്ത്യയിൽ ക്ഷീരോത്‌പാദന രംഗത്ത് ധവള വിപ്ലവം നടത്തിയത് അമൂലിന്റെ പിതാവും മലയാളിയുമായ വർഗീസ് കുര്യനാണ്. ഗുജറാത്ത് ആസ്ഥാനമായാണ് അദ്ദേഹം പ്രവർത്തിച്ചത്.
ഇന്ത്യയിലെ വൻ ലാഭം കൊയ്യുന്ന വ്യവസായ സംരഭമായി അമൂൽ മാറിക്കഴിഞ്ഞു.
എന്നാൽ നമ്മുടെ നാട്ടിൽ പണ്ടുണ്ടായിരുന്നത്ര പശുക്കളോ ക്ഷീരോത്പാദനമോ ഇന്നില്ല.
ഖത്തറിനെ അറബ് രാജ്യങ്ങൾ അടക്കം ബഹിഷ്കരിച്ചപ്പോൾ അവർ ഇന്ത്യയിൽ നിന്നും മറ്റും ധാരാളം പശുക്കളെ ഇറക്കുമതി ചെയ്ത് പാൽ ഉല്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുകയും പാലും അനുബന്ധ ഉല്പന്നങ്ങളും കയറ്റുമതി ചെയ്യാൻ പ്രാപ്തി നേടുന്ന വിധത്തിൽ വളരുകയും ചെയ്തു. ഇതേ മാതൃക സ്വീകരിച്ച് സഊദി അറേബ്യ തങ്ങളുടെ മിഷൻ 2030 ന്റെ ഭാഗമായി ധവള വിപ്ലവം നടത്താൻ ശ്രമിക്കുന്നു.
കേരളത്തിന് മിൽമയും നന്ദിനിയും കേരയുമടക്കമുള്ള ഒറിജിനൽ പാലല്ലാത്ത പാക്കറ്റ് പാൽ കുടിക്കാനേ വിധിയുള്ളൂ.
ആർജവമുള്ള തീരുമാനങ്ങളും ആത്മാർത്ഥമായ പ്രവർത്തനവും ഉണ്ടെങ്കിൽ ഗുജറാത്തിലെ അമൂൽ പോലെ കേരളത്തിനും ക്ഷീര ഉത്പാദന വിപണ രംഗത്ത് ലോകോത്തര മാതൃക സൃഷ്ടിക്കാൻ കഴിയുമായിരുന്നു.
കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് തുടങ്ങിയ വകുപ്പുകൾ നമുക്കുണ്ടെങ്കിലും പ്രതീക്ഷാനിർഭരമായ മഹത്തായ സ്ഥാപനമായി സംരംഭമായി ഇന്നും ഇതൊന്നും വളർന്നിട്ടില്ല.
കെ.കെ. പി
*ജാലകം 3* *പ്രകൃതിയിലേക്ക് മടങ്ങാൻ* The one straw Revalution (ഒറ്റ വൈക്കോൽ വിപ്ലവം) കർഷകരുടെ വേദഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥം രചിച്ച ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനും വാഗ്മിയും പരിസ്ഥിതി പ്രവർത്തകനും പ്രകൃതി സൗഹൃദ കൃഷി സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കിയ ശാസ്ത്രജ്ഞനുമാണ് മസനോബു ഫുക്കുവോക്ക. Natural Way of farming എന്ന ഗ്രന്ഥത്തിന് ശേഷം ഏറെ ശ്രദ്ധേയമായ പരിസ്ഥിതി ദർശന ഗ്രന്ഥമാണ് *The Road Back to Nature പ്രകൃതിയിലേക്ക് മടങ്ങാൻ* ശീതീകരിച്ച റൂമിലിരുന്ന് ഭാവനാത്മകമായി നടത്തിയ സർഗ വൈജ്ഞാനിക ഗ്രന്ഥമല്ല ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് രാസവള പ്രയോഗങ്ങളുടെയും കീടനാശിനികളുടെയും പ്രശ്നങ്ങളെ കുറിച്ച് കർഷകരെ ഉൾബോധിപ്പിച്ച് പ്രകൃതികൃഷി നടപ്പിലാക്കിയ ജൈവമനുഷ്യനാണ് ഫുക്കുവോക്ക. ഈ പുസ്തകം കേവലമായ കുറേ അറിവിൻ്റെ കലവറ തുറക്കുകയല്ല പരിസ്ഥിതി യോട് താദാത്മ്യപ്പെട്ട് ജീവിക്കേണ്ടതിൻ്റെ അനിവാര്യത ഈ ദാർശനിക പഠന ഗ്രന്ഥം നമ്മെ ഉറക്കെ ബോധ്യപ്പെടുത്തുന്നു. *ഈശ്വരൻ മനുഷ്യനെ അവൻ്റെ വഴിക്കു വിട്ടിരിക്കുകയാണ്. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനു വേണ്ടി അതു ചെയ്യില്ല* ...
Comments
Post a Comment